മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, അഞ്ചു ജില്ലകളില്‍ തീവ്രമഴ, 74 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്,
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയു അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നിലവിലെ മൂന്ന് ജില്ലകളില്‍ നിന്ന് അഞ്ചു ജില്ലകളിലേക്ക് ഓറഞ്ച് അലര്‍ട്ട് നീട്ടി. മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്കൊപ്പം കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                
 
                                                 
                                                




